കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി ചര്‍ച്ച. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഗതാഗത സെക്രട്ടറിയാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്മാറിയത്. കഴിഞ്ഞ 13 വര്‍ഷമായി തുടരുന്ന കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്ക് 5 രൂപയാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മുമ്പ് മിനിമം നിരക്ക് ആറു രൂപയായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരു രൂപയായി നിശ്ചയിച്ചത്. ഇപ്പോള്‍ മിനിമം നിരക്ക് 10 രൂപയായപ്പോഴും കണ്‍സെഷന്‍ ഒരു രൂപയായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ടു പോകാനാവില്ലെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ക്കുകയാണ്. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, രവിരാമന്‍ റിപ്പോര്‍ട്ടുമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പരമാവധി 5 കിലോമീറ്റര്‍ വരെ മിനിമം രണ്ടു രൂപയാക്കുക, അല്ലെങ്കില്‍ 10 കിലോമീറ്റര്‍ വരെ മൂന്നുരൂപയായി നിശ്ചയിക്കുക എന്നതാണ് രവിരാമന്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല എന്നാണ് ബസുടമകളുടെ നിലപാട്.